തിരുവനന്തപുരം: കഞ്ചാവ് വിൽപ്പന നടത്തിയ 2 യുവാക്കൾ എക്സൈസ് പിടിയിൽ. മുട്ടത്തറ പള്ളം അബു മൻസിലിൽ അബുതാഹിർ ( 30) കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനിൽ മിഥുൻ (31) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണും സംഘവും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ മുല്ലശേരി പൊയ്പ്പാറ വച്ചാണ് ഇവർ എക്സൈസിൻ്റെ പിടിയിലായത്.
സംശയം തോന്നിയ എക്സൈസ് സംഘം ഇവരുടെ വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നും 1100 ഗ്രാം കഞ്ചാവ് ലഭിച്ചു. നിരവധി മയക്കുമരുന്ന്- ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ അബുതാഹിർ എന്ന് എക്സൈസ് സംഘം അറിയിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.






