കോട്ടയം: നേരിയ കാറ്റിലും മഴയിലും കുമരകം മേഖലയിൽ വൈദ്യുതി ബന്ധം താറുമാറാകുന്നത് പതിവാകുന്നു. ചൊവ്വാഴ്ച വൈകിട്ട് 4.30-ഓടെ ഉണ്ടായ ചെറിയ മഴയെത്തുടർന്ന് മേഖലയിലെ വൈദ്യുതി പൂർണ്ണമായും നിലച്ചു. ചിലയിടങ്ങളിൽ രാത്രി ഏഴ് മണിയോടെ ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളും മണിക്കൂറുകളോളം ഇരുട്ടിൽ തന്നെയായിരുന്നു. കുമരകത്തെ നാല് ഫീഡറുകളും ഒരേസമയം തകരാറിലായതാണ് തിരിച്ചടിയായത്.
ലൈനിൽ എവിടെയോ ഓല വീണതാണ് തകരാറിന് കാരണമെന്നും അത് കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നുമാണ് ഗാന്ധിനഗർ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ വിശദീകരണം. എന്നാൽ, പരാതി അറിയിക്കാൻ വിളിച്ച ജനങ്ങളോട് കുമരകം അസിസ്റ്റൻ്റ് എൻജിനീയറോ ഓഫീസ് അധികൃതരോ പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഫോൺ എടുക്കാതെ അവഗണിച്ചെന്നും ആക്ഷേപമുണ്ട്. ചെറിയ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമ്പോൾ പോലും മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കുന്ന ഈ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.






