തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോൺഗ്രസിൽ സതീശനെ “അഴിച്ചുവിട്ട” നിലയാണുള്ളതെന്നും, വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത നേതാവാണ് സതീശനെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ വിഷയങ്ങളിലും സ്വന്തം നിലപാട് പ്രഖ്യാപിക്കുന്ന സമീപനമാണ് സതീശൻ സ്വീകരിക്കുന്നതെന്ന് സുകുമാരൻ നായർ പറഞ്ഞു. സതീശനെ ഇങ്ങനെ നിയന്ത്രണമില്ലാതെ മുന്നോട്ട് വിടുകയാണെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വി.ഡി. സതീശൻ എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിലെത്തി തിണ്ണ നിരങ്ങിയിരുന്നുവെന്നും സുകുമാരൻ നായർ വെളിപ്പെടുത്തി. “ഏകദേശം ഒന്നര മണിക്കൂർ സതീശൻ എൻഎസ്എസിൽ വന്നിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇപ്പോൾ എല്ലാവരുടെയും തിണ്ണ നിരങ്ങി നടക്കുകയാണ് അദ്ദേഹം,” എന്നായിരുന്നു പരിഹാസം.വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിനെക്കുറിച്ച് സതീശൻ നടത്തിയ പരിഹാസത്തോടും സുകുമാരൻ നായർ പ്രതികരിച്ചു. എല്ലാവരും കാർ കണ്ടുതുടങ്ങുന്നതിനും മുൻപേ കാർ ഉപയോഗിച്ചിരുന്ന ആളാണ് വെള്ളാപ്പള്ളി നടേശനെന്നും, അദ്ദേഹത്തെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.സതീശന്റെ ഇത്തരം അഹങ്കാരപരമായ പ്രസ്താവനകൾ രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്നും, ഇത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.










