കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കാനത്തിൽ ജമീലയുടെ വിയോഗം കേരളത്തിന്റെ പൊതുസമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാനത്തിൽ ജമീലയ്ക്ക് നിയമസഭയിൽ അർപ്പിച്ച ആദരാഞ്ജലിക്കിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയമനിർമ്മാണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു കാനത്തിൽ ജമീല എന്നും അദ്ദേഹം പറഞ്ഞു.ജനകീയ വിഷയങ്ങളിൽ ജനപക്ഷ നിലപാടുകളുമായി മുന്നിൽ നിന്ന നേതാവായിരുന്നു കാനത്തിൽ ജമീലയെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
ഭരണാധികാരി എന്ന നിലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി ഉറച്ച നിലപാട് സ്വീകരിച്ചുവെന്നും സാധാരണക്കാരോടൊപ്പം നിന്നു അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എപ്പോഴും ശ്രമിച്ച നേതാവായിരുന്നു ജമീലയെന്നും സ്പീക്കർ അനുസ്മരിച്ചു.കഴിഞ്ഞ നവംബർ 29നാണ് കാനത്തിൽ ജമീല അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായും കാനത്തിൽ ജമീല സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനകീയ രാഷ്ട്രീയത്തിന്റെ മുഖമായി പ്രവർത്തിച്ച ജമീലയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് നിയമസഭ വിലയിരുത്തി






