തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭ തുടങ്ങിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള ബഹളമാണ് സഭയ്ക്ക് അകത്ത് നടക്കുന്നത്.
ദേവസ്വം മന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് മുന്നിട്ടിറങ്ങിയത്.
എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്നും വിഡി സതീശന് പറഞ്ഞതോടെ മന്ത്രി എംബി രാജേഷ് പ്രതികരണവുമായി എത്തി.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാത്തതില്‍ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു എംബി രാജേഷിന്റെ പ്രതികരണം. അടിയന്തര പ്രമേയം നോട്ടീസ് നല്കാന് പ്രതിപക്ഷത്തിന് ഭയമാണെന്ന് എംബി രാജേഷ് പറഞ്ഞു.
വിഷയം ചര്‍ച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും എംബി രാജേഷ് പറഞ്ഞതോടെ പ്രതിപക്ഷം ബഹളം വെച്ച് നടുത്തളത്തിലിറങ്ങി.
ഇതോടെ പ്രതിരോധിക്കാന്‍ ഭരണപക്ഷ എംഎല്‍എമാരും എഴുന്നേറ്റ് നിന്നു. ബാനര്‍ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചു കൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയില്‍ നടക്കുന്നത്. പോറ്റി പാട്ടും പ്ലക്കാര്‍ഡുകളിലുണ്ട്.






