കോട്ടയം: വാഴൂർ വെള്ളക്കല്ല് മൈലാകാവുങ്കൽ ഭാഗത്തെ കൈത്തോട്ടിൽ ചൊവ്വാഴ്ച രാത്രിയിൽ കക്കൂസ് മാലിന്യം തള്ളി. ഒഴുക്ക് കുറവായതിനാൽ ഇത് തോട്ടിൽ കെട്ടിക്കിടക്കുകയാണ്. ഇരുപതിനാലിനു രാത്രിയിലാണ് വാഴൂർ പൈക്കല്ലിൽ തോട്ടിലെ തടയണയിൽ ഫാക്ടറി മാലിന്യം തള്ളിയത്.
വെള്ളം മലിനമായതോടെ എട്ടാംവാർഡ് നരിയങ്കൽ പദ്ധതിയുടെ പമ്പിങ് മുടങ്ങി. നാല് ദിവസത്തിനിടയിൽ മൂന്നിടത്തെ തോടുകളിൽ മാലിന്യം തള്ളി. നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളവും മുടങ്ങി. ജനവാസമേഖലയിലെ തോടുകളിൽ മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇവിടം ഏറെ നേരത്തെ ശ്രമഫലായി മണ്ണുമാന്തിയന്ത്രംകൊണ്ട് തോട് വൃത്തിയാക്കിയശേഷം കിണർ വറ്റിച്ചാണ് ശുദ്ധീകരിച്ചത്. കുടിവെള്ളവിതരണം ഇനിയും പുനഃസ്ഥാപിക്കാറായില്ല. എല്ലാം അടുത്തുള്ള പ്രദേശങ്ങളിലാണ് ഉണ്ടായത്. മുൻപും ദേശീയപാതയിലും പൈക്കല്ലിൽ തോട്ടിലുമടക്കം പലവട്ടം മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്.




