തൃശ്ശൂർ: ഇരിഞ്ഞാലക്കുട രൂപത, പൊറത്തിശ്ശേരി ഇടവകമായ റവ. ഫാ. ആൻ്റു ആലപ്പാടനെ ഇരിഞ്ഞാലക്കുട രൂപതയുടെ പുതിയ വികാരി ജനറാൾ (സിഞ്ചലൂസ്) ആയി അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നിയമിച്ചു. റവ. ഫാ. ആൻ്റു ആലപ്പാടൻ ചാലക്കുടി സെൻറ് ജെയിംസ് ഹോസ്പിറ്റലിന്റെ ഡയറക്ടർ ആയി സേവനം ചെയ്തു വരവേയാണ് ഈ പുതിയ നിയോഗം.
ആൻ്റു അച്ചൻ പൊറത്തിശ്ശേരി ആലപ്പാടൻ തറവാട്ടിൽ ആന്റണി-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ജോസ് ,യോഹന്നാൻ, തോമസ്, വർഗീസ് ,മേരി, സെലീന, ഏലിയ എന്നിവർ സഹോദരങ്ങളാണ്. സ്കൂൾ വിദ്യാഭ്യാസം ഇരിഞ്ഞാലക്കുട നാഷണൽ ഹൈസ്കൂളിലാണ് നടത്തിയത്.
പ്രാഥമിക വൈദിക പരിശീലനം ഇരിഞ്ഞാലക്കുട സെൻറ് പോൾസ് മൈനർ സെമിനാരിയിലും ഫിലോസഫി- തിയോളജി പഠനങ്ങൾ ആലുവ, കാർമൽഗിരി, മംഗലപ്പുഴ സെമിനാരികളിലും പൂർത്തിയാക്കി. 1994 ഏപ്രിൽ 16ന് പൊറത്തിശ്ശേരി സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
അസിസ്റ്റൻറ് വികാരിയായി ആളൂർ, കല്ലേറ്റുംകര, എടതിരുത്തി ഫൊറോന ഇടവകകളിലും വികാരിയായി തച്ചുടപ്പറമ്പ്, വെള്ളാഞ്ചിറ, പാറേക്കാട്ടുകര, പുത്തൻചിറ ഫൊറോന, ഇരിഞ്ഞാലക്കുട കത്തിഡ്രൽ ഇടവകകളിലും അജപാലന ശുശ്രൂഷ നിർവഹിച്ചു. റോമിലെ അഞ്ചേലിക്കും യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
ഇരിഞ്ഞാലക്കുട രൂപതയിലെ സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് , സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ചാലക്കുടി സെൻറ് ജെയിംസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ, അവാർഡ്, ഫിനാൻസ് ഓഫീസർ എന്നീ നിലകളിലും ശുശ്രൂഷ ചെയ്തു. നിലവിൽ ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റൽ ഡയറക്ടർ ആണ് അദ്ദേഹം.




