പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട് സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിലൂടെ കയറി പൊട്ടിത്തെറിച്ചു. തൃക്കങ്ങോട് വിവേകാനന്ദ – ചാത്തൻ പറമ്പ് റോഡിൽ ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം നടന്നത്. മനിശ്ശേരി എ.യു.പി സ്കൂളിലെ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
സ്കൂളിന് വെറും ഇരുനൂറ് മീറ്റർ മാത്രം അകലെ വെച്ചാണ് സ്ഫോടനം ഉണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയർ കയറുകയായിരുന്നു. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്നും എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായില്ലെന്നും ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ പറഞ്ഞു. കാട്ടുപന്നിക്ക് വെച്ച പന്നിപ്പടക്കമാകാം പൊട്ടിത്തെറിച്ചതെന്നാണ് സംശയം.പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണെന്നു വാർഡ് മെമ്പർ കെ. ശ്രീജ പറഞ്ഞു.സ്ഥലത്ത് ഒറ്റപ്പാലം പോലീസ് പരിശോധന നടത്തി.






