കോട്ടയം: കുമരകം ഒന്നാം വാർഡിലെ ചൂളപ്പടി-ചക്രംപടി കായൽ തോട് എക്കൽ അടിഞ്ഞും പോള നിറഞ്ഞും സഞ്ചാരയോഗ്യമല്ലാതാകുന്നു. തോടിന്റെ സ്വാഭാവിക ഒഴുക്ക് പൂർണ്ണമായും തടസ്സപ്പെട്ടതോടെ ചെറുവള്ളങ്ങൾ പോലും എക്കലിൽ ഉറയ്ക്കുന്ന അവസ്ഥയാണ്. വള്ളങ്ങളിൽ യാത്ര ചെയ്യുന്നവർ പലയിടങ്ങളിലും തോട്ടിലിറങ്ങി വള്ളം തള്ളിനീക്കേണ്ട ഗതികേടിലാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെയും തൊഴിലിനെയും സാരമായി ബാധിച്ചിട്ടുണ്ട്.
തോട് നികന്നത് കുമരകത്തെ വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിനോദസഞ്ചാരികളുമായി എത്തിയ വള്ളങ്ങൾക്ക് യാത്ര തുടരാനാകാതെ പകുതിവഴിയിൽ മടങ്ങേണ്ടി വന്നു. തോട്ടിലെ തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആക്ഷേപമുയർത്തുന്നു. തോട്ടിലെ എക്കലും പോളയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.










