റിയാദ്: പടിഞ്ഞാറൻ സൗദിയിലെ ത്വാഇഫ് നഗരം ലക്ഷ്യമാക്കി യെമനിലെ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സേന തടഞ്ഞു തകർത്തതായി സഖ്യസേന അറിയിച്ചു. യെമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച റിയാദ് ലക്ഷ്യമാക്കി ഹൂതികൾ അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും സൗദി വ്യോമപ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചിരുന്നു.
മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടത്തിനും വാഹനത്തിനും കേടുപാട്
റിയാദിൽ ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് ഒരു കെട്ടിടത്തിനും നിർമാണത്തിലിരിക്കുന്ന പദ്ധതിക്കും ഒരു വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. സംഭവസ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികളും മുൻകരുതലുകളും സ്വീകരിച്ചതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു.
ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തുവെച്ച് സൗദി പ്രതിരോധ സേന തടഞ്ഞു തകർത്തതിനെ തുടർന്നാണ് അവയുടെ അവശിഷ്ടങ്ങൾ നഗരത്തിൽ പതിച്ചത്. വിവരമറിഞ്ഞ ഉടൻ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ വ്യക്തമാക്കി.



