കോട്ടയം: ചികിത്സാസഹായം തേടുന്ന അരുണിന് താങ്ങായി മന്ത്രി വി.എൻ. വാസവന്റെ സ്നേഹസ്പർശം. കുമരകം സാംസ്കാരിക നിലയത്തിൽ ചേർന്ന ചികിത്സാ സഹായസമിതി യോഗത്തിൽ വെച്ച് അര ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി. അരുണിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് സഹായസമിതി ചെയർമാൻ പ്രിൻസ് സ്കറിയയ്ക്ക് മന്ത്രി തുക കൈമാറിയത്.
ചികിത്സാ ഫണ്ട് സമാഹരണത്തിനായി വിപുലമായ പ്രവർത്തനങ്ങളാണ് സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 14, 15 തീയതികളിൽ കുമരകം പഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് തുക സമാഹരിക്കാൻ യോഗം തീരുമാനിച്ചു. അരുണിന്റെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ആവശ്യമായ ഭീമമായ തുക എത്രയും വേഗം സമാഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യം.
സഹായസമിതി ചെയർമാൻ പ്രിൻസ് സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ ഷിജോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലൻ കുര്യാക്കോസ്, വിഷ്ണുമണി എന്നിവർ സംസാരിച്ചു. കൂടാതെ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. സലിമോൻ, പഞ്ചായത്ത് അംഗങ്ങളായ ജോഫി ഫെലിക്സ്, ദിവ്യ ദാമോദരൻ, സമിതി കൺവീനർ കെ.ജി. ബിനു തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.




