കൃഷ്ണഗിരി : തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ രണ്ടര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഡിഎംകെ യൂത്ത് വിങ് പ്രവർത്തകൻ പെരിയനായകൻ അറസ്റ്റിലായി. പെരിയനായകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മകളാണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന യുവതിയുടെ മകൾ കഴിഞ്ഞ ഡിസംബറിലാണ് മരിച്ചത്. അന്ന് ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് പോലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ആന്തരിക അവയവങ്ങളിൽ ഗുരുതരമായ മുറിവുകളുള്ളതായി കണ്ടെത്തി.
പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പെരിയനായകൻ കുറ്റം സമ്മതിച്ചു. താൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. പ്രതിക്കെതിരെ കൊലക്കുറ്റത്തിനും പോക്സോ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിഎംകെ പ്രവർത്തകൻ പ്രതിയായതോടെ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തമിഴ്നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിൽ സ്റ്റാലിൻ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ ആരോപണങ്ങളെ തള്ളിക്കളഞ്ഞ സർക്കാർ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അണ്ണാ സർവകലാശാല പീഡനക്കേസിന് സമാനമായി ഈ കേസിലും അതിവേഗ വിചാരണ ഉറപ്പാക്കി പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുമെന്ന് ഡിഎംകെ കേന്ദ്രങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.




