തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായിരിക്കെ തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം പോയി. ചാല മാർക്കറ്റിലെ വി.എസ്. ഹോട്ടലിലാണ് സംഭവം നടന്നത്. വെള്ളി പുലർച്ചെ രണ്ടുമണിയോടെ ഗ്യാസ് നിറഞ്ഞ ഒരു സിലിണ്ടറാണ് മോഷ്ടിക്കപ്പെട്ടത്. ഹോട്ടലിലേക്ക് ഒരാൾ കയറിവന്ന് സിലിണ്ടർ എടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഹോട്ടലിൽ പകുതി ഉപയോഗിച്ച നിലയിൽ രണ്ട് സിലിണ്ടറുകൾ കൂടി ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അവ എടുത്തില്ല. ഹോട്ടലിന്റെ പിന്നാമ്പുറ വഴിയിലൂടെ കയറിയാണ് ഇയാൾ അകത്തേക്ക് പ്രവേശിച്ചതെന്നാണ് വിവരം. സംഭവത്തിൽ ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പാചകവാതക ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഹോട്ടൽ ഇനി പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടെന്ന് ഹോട്ടൽ ഉടമ പ്രതികരിച്ചു.




