കൊച്ചി: തൃപ്പൂണിത്തുറയിൽ നിന്ന് കാണാതായ യുവാവിനെ ഇഞ്ചത്തൊട്ടി വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ സംശയാസ്പദമായ സാഹചര്യം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
എരൂർ നടം ലേബർ ജങ്ഷനിലെ കുട്ടാത്ത് വീട്ടിൽ പരേതനായ പ്രകാശന്റെ മകൻ കെ.പി. പ്രശാന്ത് ആണ് മരിച്ചത്. നേര്യമംഗലം–ഇഞ്ചത്തൊട്ടി റോഡിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള വനപ്രദേശത്താണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. റോഡിൽ നിന്ന് ഏകദേശം 60 മീറ്റർ അകലെ ആയിരുന്നു മൃതദേഹം.
തിങ്കളാഴ്ച വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറപ്പെട്ട പ്രശാന്ത് പിന്നീട് വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം റോഡരികിൽ സ്കൂട്ടർ കുറച്ച് ദിവസങ്ങളായി പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






