തൃശൂര്‍: തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ സംഘാടനത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തൽ. ഗെയിംസ് നടത്തിയത് സംഘാടക സമിതി യോഗം ചേരാതെയാണെന്നാണ് വിവരം. സംഘാടക സമിതി ഒരുതവണ പോലും യോഗം ചേർന്നില്ലെന്നാണ് റിപ്പോർട്ട്. തൃശ്ശൂർ എംഎൽഎ രാജൻ ജെ പല്ലൻ ചെയർമാനായ സമിതിയുടെ പ്രവർത്തനം കടലാസിൽ മാത്രമായി ഒതുങ്ങിയെന്നാണ് ആരോപണം. പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക തിരക്കിലായിരുന്നുവെന്നാണ് ഇതിന് നൽകുന്ന വിശദീകരണം.
സംഘാടക സമിതി ചെയർമാനായ എംഎൽഎയ്ക്കും സമിതി അംഗമായ മേയർക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണെന്നാണ് വിവരം. കാര്യങ്ങൾ വൈകി അറിയിച്ചതിൽ തൃശ്ശൂർ എംപിയുടെ ഓഫീസും അതൃപ്തി അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്. അധ്യാപക സംഘടനാ പ്രതിനിധികളെ വിളിച്ചുവരുത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ചതല്ലാതെ സംഘാടക സമിതിയുടെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ലെന്നും ആരോപണമുണ്ട്.
ഡിഇഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിഷയത്തിൽ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഗെയിംസിന്റെ ആദ്യദിനം മുതൽ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച പരാതികൾ ഉയർന്നിരുന്നു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
അതേസമയം, തൃശ്ശൂരിൽ സംസ്ഥാന സ്‌കൂൾ ഗെയിംസിനിടെ താൽക്കാലിക റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതിക്കാർ ഇല്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. അപകടം ഗുരുതര സ്വഭാവമുള്ളതല്ലാത്തതിനാൽ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
അപകടത്തിൽ താൽക്കാലിക റൂഫിംഗ് തകർന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നത്. ഗെയിംസിന്റെ സംഘാടനത്തിലെ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്താത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.




