കോഴിക്കോട്: ആംബുലൻസിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. കന്യാകുമാരി ആലത്തുകുളം സ്വദേശി പ്രകാശനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിലേക്കാണ് ഇയാൾ ചാടിയത്.
ഗുരുതരമായി പരിക്കേറ്റ പ്രകാശനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബത്തേരിയിലെ ഭാര്യയുടെ വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് പൊലീസ് പ്രകാശനെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ ചുരം ഇറങ്ങി വരുന്നതിനിടെയാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.






