സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യെ ബത്തേരിയിൽ വീണ്ടും സ്ഥാനാർഥിയാക്കുന്നതിനെതിരേ പരാമർശവുമായി ആത്മഹത്യചെയ്ത ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ കുടുംബം. മകൻ വിജേഷും മരുമകൾ പദ്മജയും സാമൂഹികമാധ്യമത്തിലൂടെയാണ് പ്രതിഷേധം അറിയിച്ചത്.
പ്രിയങ്ക ഗാന്ധി അന്ന് നൽകിയ വാക്കിന് ഇത്രയും മാത്രമേ വിലയുണ്ടായിരുന്നോയെന്ന ചോദ്യത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. വിജയന്റെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ നീതി ഉറപ്പാക്കുമെന്നും, വിജയന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെ മാറ്റിനിർത്തുമെന്നും പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ കേസിൽ പ്രതിചേർക്കപ്പെട്ട ഐ.സി. ബാലകൃഷ്ണനെ വീണ്ടും സ്ഥാനാർഥിയാക്കാൻ ശ്രമിക്കുന്നുവെന്ന വിവരം കേൾക്കുമ്പോൾ തങ്ങളുടെ അവസാന പ്രതീക്ഷയും തകരുകയാണെന്ന് അവർ കുറിപ്പിൽ പറഞ്ഞു.
ആത്മഹത്യക്കുറിപ്പിൽ പേരെടുത്തുപറഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടും ഐ.സി. ബാലകൃഷ്ണനെ സംരക്ഷിക്കുന്നത് ആർക്കുവേണ്ടിയാണെന്ന ചോദ്യവും കുടുംബം ഉയർത്തുന്നു. ഈ നടപടി മാപ്പില്ലാത്ത ചതിയാണെന്നും, കൊലപാതകികളെക്കാൾ ക്രൂരരാണ് ചതിക്കുന്നവരെന്നും കുറിപ്പിൽ പറയുന്നു.
പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച ഒരാളെയാണ് പാർട്ടിക്കാർ തന്നെ ഇല്ലാതാക്കിയതെന്നും, പാർട്ടിയിലും പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഇത്തരമൊരു പ്രതികരണവുമായി രംഗത്തെത്തിയതെന്ന് പദ്മജ പറഞ്ഞു. കുറ്റാരോപിതരെ മാറ്റിനിർത്തുമെന്ന വാഗ്ദാനം നൽകിയിട്ടും കുടുംബത്തിന്റെ കണ്ണുനീരിന് വില നൽകിയില്ലെന്നും, മറ്റ് പ്രേരണകളില്ലാതെ കുടുംബത്തിനുവേണ്ടിയാണ് സംസാരിക്കുന്നതെന്നും അവർ വ്യക്തമാക്കി.






