പറവൂര്‍: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം നീളുന്നതിനിടെ നേതാക്കളുടെ വീടുകള്‍ക്ക് മുന്നില്‍ നാടകീയ നിമിഷങ്ങള്‍. ഇന്ന് വൈകിട്ടോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവര്‍ത്തകരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമേ അന്തിമ തീരുമാനം പുറത്തുവരൂ.
വിഡി സതീശന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എറണാകുളത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആലുവ ദേശത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് രാവിലെ മുതല്‍ പ്രവര്‍ത്തകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. മുദ്രാവാക്യം വിളികളും മറ്റുമായി വലിയൊരു ആള്‍ക്കൂട്ടം തന്നെ ഇവിടെയുണ്ട്. ഇനി സതീശനെ തഴയുകയാണെങ്കില്‍ ഇവര്‍ എങ്ങനെ പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്. മുസ്ലിം ലീഗ് നേതാവും നിയുക്ത എംഎല്‍എയുമായ അബ്ദുല്‍ ഗഫൂര്‍, ഡിസിസി അധ്യക്ഷന്‍ കൂടിയായ നിയുക്ത എംഎല്‍എ മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ സതീശന്റെ വസതിയിലെത്തി ചര്‍ച്ചകള്‍ നടത്തി. മുസ്ലീം ലീഗിന്റെ പിന്തുണയും സതീശന് തന്നെയാണ്.





