കൊല്ലം: ഭാര്യയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയാളെ വിളിച്ചുവരുത്തി മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ്ഭവനിൽ ദിലീപ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുണിനെയും, ഭാര്യ സോനയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോയെന്ന് പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
സോനയ്ക്ക് മരിച്ച ദിലീപ് ഫോണിലൂടെ നിരന്തരം സന്ദേശങ്ങൾ അയച്ചതിനെ തുടർന്നുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ വരുൺ ഞായറാഴ്ച രാവിലെ ദിലീപിനെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയ ദിലീപിനെ വരുൺ ക്രൂരമായി മർദിച്ചുവെന്നാണ് വിവരം. മർദനത്തെ തുടർന്ന് അവശനായ ദിലീപിനെ പ്രതികൾ തന്നെയാണ് കല്ലുവാതുക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പരിശോധനയിൽ ദിലീപിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. തുടർന്ന് ആശുപത്രിയിലെ എയ്ഡ്‌പോസ്റ്റിലുള്ള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വരുണിനെ കൂട്ടിക്കൊണ്ടു ഉളിയനാട് അപ്പൂപ്പൻകാവ് സമീപത്തെ കനാലിനടുത്തുള്ള വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഉളിയനാട് സ്വദേശി ബാലുവാണ് ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. ബാലുവും വരുണും അടുത്ത സുഹൃത്തുക്കളാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വീട് പൂട്ടി സീൽ ചെയ്തിട്ടുണ്ട്. ദിലീപിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ശാസ്ത്രീയ പരിശോധനയ്ക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.




