ആപ്പിള്‍ ഫാന്‍സിന്റെ കാത്തിരിപ്പിന് വിരാമമാകുന്നു. ആപ്പിളിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2026 സെപ്റ്റംബറില്‍ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് ടെക് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ‘ഐഫോണ്‍ ഫോള്‍ഡ്’ എന്നാണ് പേര്. ഐഫോണ്‍ 18 സീരീസ് മോഡലുകള്‍ക്കൊപ്പമാകും കമ്പനി ഫോള്‍ഡബിള്‍ സെഗ്മെന്റിലുള്ള തങ്ങളുടെ ആദ്യ ഫോണും ഇറങ്ങുക.
ഫോള്‍ഡബിള്‍ ഫോണുകളുടെ പ്രധാന വെല്ലുവിളിയായ സ്‌ക്രീനിലെ മടക്ക് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഡിസ്‌പ്ലേയാണ് ആപ്പിള്‍ വികസിപ്പിക്കുന്നത്. ഉള്ളില്‍ 7.8 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ ഒഎല്‍ഇഡി സ്‌ക്രീനും പുറത്ത് 5.5 ഇഞ്ചിന്റെ പാനലും ഉണ്ടാകും. മടക്കുമ്പോള്‍ ഫോണ്‍ ഒതുക്കമുള്ളതാകും. രണ്ട് സ്‌ക്രീനുകളിലും പഞ്ച്-ഹോള്‍ സെല്‍ഫി ക്യാമറകള്‍ ഉണ്ടായിരിക്കും. ഡിസൈന്‍ കനം കുറയ്ക്കുന്നതിനായി ഫേസ്-ഐഡി ഒഴിവാക്കി, പവര്‍ ബട്ടണില്‍ ടച്ച്-ഐഡി നല്‍കാനാണ് സാധ്യത. സാംസങ്, ഗൂഗിള്‍ ഫോണുകളേക്കാള്‍ വീതിയേറിയ ഡിസൈന്‍ ആയിരിക്കും.
പുതിയ എ20 പ്രോ ചിപ്സെറ്റായിരിക്കും ഫോള്‍ഡബിള്‍ ഐഫോണില്‍ ഉപയോഗിക്കുക. 12GB റാം ഫോണിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 256 ജിബി, 512 ജിബി, 1 ടിബി എന്നീ സ്റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും.
യു.എസില്‍ ഏകദേശം 2,400 ഡോളര്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ആനുപാതികമായി ഏകദേശം 2,15,000 രൂപ മുതല്‍ ആയിരിക്കും ഇന്ത്യയിലെ വില ആരംഭിക്കാന്‍ സാധ്യത.






