തിരുവനന്തപുരം: കോൺഗ്രസിന്റെ ശേഷിക്കുന്ന 37 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. ഇതിനുമുമ്പ് 55 സീറ്റുകളിലേക്കുള്ള ആദ്യഘട്ട പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അന്തിമ തീരുമാനത്തിനായി ദില്ലിയിൽ മാരത്തൺ ചർച്ചകൾ പുരോഗമിക്കുകയാണ്.
ആദ്യഘട്ട പട്ടികയിൽ എംപിമാർക്ക് ഇടം ലഭിക്കാത്തത് ശ്രദ്ധേയമായി. അതേസമയം, കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ കെ. സുധാകരൻ ഉറച്ച നിലപാട് തുടരുകയാണ്. സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ഇന്ന് തന്നെ തന്റെ നിലപാട് പ്രഖ്യാപിക്കാനാണ് സാധ്യത. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് അദ്ദേഹം.
പാർട്ടിക്കുള്ളിലെ ഭിന്നതകളും തർക്കങ്ങളും സ്ഥാനാർത്ഥി നിർണയം വൈകാൻ പ്രധാന കാരണമായിട്ടുണ്ട്. ഇന്ന് രാവിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗവും തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗവും ചേർന്ന് അന്തിമ പട്ടിക പ്രഖ്യാപിക്കാനാണ് തീരുമാനം.
ഇതിനിടെ, ആദ്യ പട്ടികയിൽ കണ്ണൂർ, കോന്നി മണ്ഡലങ്ങൾ ഒഴിച്ചുവെച്ചിരുന്നു. എൽദോസ് കുന്നപ്പള്ളിയുടെ പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കുറിച്ചും ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് വിവരം.
ആദ്യഘട്ട പട്ടികയിൽ വി.ഡി. സതീശൻ (പറവൂർ), സണ്ണി ജോസഫ് (പേരാവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്), രമേശ് പിഷാരടി (പാലക്കാട്), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി), ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), കെ. മുരളീധരൻ (വട്ടിയൂർക്കാവ്), എ. സുരേഷ് (മലമ്പുഴ), ഉഷ വിജയൻ (മാനന്തവാടി), എം. വിൻസന്റ് (കോവളം), കെ. പ്രവീൺ കുമാർ (കൊയിലാണ്ടി) എന്നിവരാണ് സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടത്.






