തിരുവനന്തപുരം: ഒടുവിൽ മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് താമസം മാറുക. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം മാറിയിരുന്നില്ല. കഴിഞ്ഞ മേയ് 18 നാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനു മുന്‍പ് മേയ് 11 ന് പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലേക്കാണ് മാറിയത്.
വന്‍ തുക ചെലവഴിച്ച് ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ടെന്ന് വിഡി സതീശന്‍ നിര്‍ദേശിച്ചിരുന്നു. 10,000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന പൈതൃകമന്ദിരമായ ക്ലിഫ് ഹൗസില്‍ 73 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് 2 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. നന്ദന്‍കോട് 6 ഏക്കര്‍ 25 സെന്റിലാണ് ക്ലിഫ് ഹൗസ്.




