കൽപ്പറ്റ: മുമ്പ് എം.ഡി.എം.എ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുകയായിരുന്ന റിസോർട്ട് നടത്തിപ്പുകാരനെ വീണ്ടും ലഹരിവസ്തുക്കളുമായി പൊലീസ് പിടികൂടി. അമ്പിലേരി റീമാ കോട്ടേജ് സ്വദേശി കെ. ഷൈജൽ ആണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പൊലീസും ചേർന്ന് പിടികൂടിയത്.
ഷൈജൽ നടത്തിവരുന്ന പുഴമുടി ഫ്രീബേഡ് റിസോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 0.62 ഗ്രാം എം.ഡി.എം.എയും 6.63 ഗ്രാം കഞ്ചാവും കണ്ടെത്തി. കൂടാതെ അരലക്ഷത്തോളം രൂപയും പൊലീസ് പിടിച്ചെടുത്തു. എസ്.ഐമാരായ വിമൽ ചന്ദ്രൻ, സജി ഷിനോബ്, എ.എസ്.ഐ ജിജി മോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുൺ രാജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
2025 ജൂണിൽ വാണിജ്യ അളവിലുള്ള എം.ഡി.എം.എയുമായി ഷൈജൽ മുൻപ് അറസ്റ്റിലായിരുന്നു. അന്ന് 76.44 ഗ്രാം എം.ഡി.എം.എ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് ഇയാളും കൂട്ടാളിയും പിടിയിലായത്. ജാമ്യത്തിലിരിക്കെയാണ് വീണ്ടും ലഹരി കേസിൽ ഇയാൾ കുടുങ്ങിയത്.






