കോട്ടയം: രാജ്യാന്തര വിപണിയിൽ റബർ വിലയിൽ വലിയ ഉയർച്ച. ഒരുദിവസം കൊണ്ട് കിലോഗ്രാമിന് ഏകദേശം 7 രൂപയാണ് വർധിച്ചത്. ബാങ്കോക്ക് മാർക്കറ്റിൽ ചൊവ്വാഴ്ച 236.59 രൂപയായിരുന്ന ആർഎസ്എസ് 4 റബറിന്റെ വില ഇന്നലെ 242.35 രൂപയായി. 6.76 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ജപ്പാൻ യെന്നിന്റെ മൂല്യം കുറഞ്ഞതിനെ തുടർന്ന് വിദേശ നിക്ഷേപകർ റബറിലേക്ക് തിരിഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
രാജ്യാന്തര വിപണിയെ പിന്തുടർന്ന് ആഭ്യന്തര വിപണിയിലും വില ഉയരുന്നു. കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർഎസ്എസ് 4ന്റെ വില കിലോഗ്രാമിന് 218.50 രൂപയായി. ഓപ്പൺ മാർക്കറ്റിൽ ഷീറ്റ് റബർ 218 രൂപയ്ക്കും ലാറ്റക്സ് 212 രൂപയ്ക്കുമാണ് ലഭിക്കുന്നത്. ഇതിനിടെ കടുത്ത ചൂട് കാരണം ചെറുകിട കർഷകർ റബർ ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ല.





