വാഷിങ്ടൺ: ഇറാനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേൽ അമേരിക്കയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന തരത്തിലുള്ള പ്രസ്താവനയുമായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. താൻ ആവശ്യപ്പെട്ടാൽ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുമെന്നും, തന്റെ നിർദ്ദേശങ്ങൾ അവർ പാലിക്കുമെന്നും ട്രംപ് പറഞ്ഞു. ഇസ്രായേൽ ‘ടീം പ്ലെയർ’ ആണെന്നും ആവശ്യമായപ്പോൾ അവർ പിന്മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയിൽ ട്രംപിന്റെ ജനപ്രീതിയെ ബാധിച്ച സാഹചര്യത്തിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ഈ നിലപാട് മാറ്റമെന്ന വിലയിരുത്തലുണ്ട്. മുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ആലോചിച്ചേ തീരുമാനമെടുക്കൂ എന്ന നിലപാട് സ്വീകരിച്ചിരുന്ന ട്രംപ്, ഇപ്പോൾ ഇസ്രായേലിനെ സമ്മർദത്തിലാക്കാനാണ് ഈ പ്രസ്താവനയെന്നാണ് സൂചന.
അതേസമയം, ചർച്ചകളോട് ഇറാൻ അനുകൂല നിലപാട് കാണിക്കാത്തത് അമേരിക്കയ്ക്ക് പ്രതിസന്ധിയാകുന്നു. ഇറാനെതിരായ ആക്രമണ വിവരങ്ങൾ ചോർന്നതിനെ തുടർന്ന് ഫെബ്രുവരി 27-ന് വിളിച്ച യോഗത്തിൽ സൈനിക നടപടി നിർത്തിവെച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, പിന്നീട് രഹസ്യമായി ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഇറാനെതിരായ യുദ്ധത്തിന് ട്രംപിനെ പ്രേരിപ്പിച്ചത് നെതന്യാഹുവാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ പിന്തുണ ഇല്ലാതെ ഇസ്രായേൽ മുന്നോട്ട് പോകാനാവില്ലെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്ക-ഇസ്രായേൽ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകളും ശക്തമാകുകയാണ്.




