ന്യൂയോർക്ക്: സാംസ്കാരിക വൈവിധ്യവും സംഗീതവും കോർത്തിണക്കി ചേംബർ ഓഫ് കൊമേഴ്സ് (SIUCC) ആവിഷ്കരിച്ച മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ മ്യൂസിക് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ബാല്യം മുതൽ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് സംഗീതമെന്നും, ദൈനംദിന ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കാൻ സംഗീതത്തിന് കഴിയുമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ലോകപ്രശസ്ത സംഗീതജ്ഞനും ഗായകനുമായ റവ. ഡോ. പോൾ പൂവത്തിങ്കൽ ഓൺലൈൻ വഴി ചടങ്ങിൽ പങ്കുചേർന്ന് അനുഗ്രഹപ്രഭാഷണം നടത്തി. സംഗീതം മതപരമായ അതിർവരമ്പുകൾക്കതീതവും ദൈവികവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാനസിക ഏകാഗ്രത വർദ്ധിപ്പിക്കാനും ജീവിതത്തിലെ പിരിമുറുക്കങ്ങളിൽ നിന്ന് മുക്തി നേടാനും സംഗീതം വലിയൊരു ഔഷധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം ആലപിച്ച ഗാനം ചടങ്ങിന് മാറ്റുകൂട്ടി.
സംഗീതത്തിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ജീവിത വെല്ലുവിളികളെ അതിജീവിക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുകയുമാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ചേംബർ പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ട് വ്യക്തമാക്കി.
ഫോമ ഫൗണ്ടിംഗ് പ്രസിഡന്റും ചേംബർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശശിധരൻ നായർ ബോർഡ് അംഗങ്ങളെ അഭിനന്ദിച്ചു. “ഇത്രത്തോളം യഹോവ സഹായിച്ചു” എന്ന ഗാനം അദ്ദേഹം ചടങ്ങിൽ ആലപിച്ചു. പരിപാടിയുടെ ഭാഗമായി എത്തിയവർ വിവിധ ഗാനങ്ങൾ അവതരിപ്പിച്ചത് സംഗീത സന്ധ്യയെ ഹൃദ്യമാക്കി.




