തിരുവനന്തപുരം: ഗൂഗിൾ പേയിലെ പോക്കറ്റ് മണി ആരും ഉപയോഗിക്കരുതെന്ന സന്ദേശം നിങ്ങൾക്ക് കിട്ടിയോ? സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ സന്ദേശം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കേരളാ പൊലീസ്. നിങ്ങളുടെ അനുമതിയോ യു പി ഐ പിൻ (UPI PIN) നൽകാതെയോ നിങ്ങളിൽ നിന്ന് ഗൂഗിൾ പേ അക്കൗണ്ട് വഴി പണം നഷ്ടപ്പെടാൻ സാധ്യതയില്ല. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഭീം ആപ്പിൽ അവതരിപ്പിച്ച ‘യുപിഐ സർക്കിൾ’ സംവിധാനം മാതൃകയാക്കി, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ വഴി പണമിടപാടുകൾ നടത്തുന്നതിനായി ഗൂഗിൾ പേ പുറത്തിറക്കിയ പുതിയ ഫീച്ചറാണ് ‘പോക്കറ്റ് മണി’.
ബാങ്ക് അക്കൗണ്ടില്ലാത്ത കുട്ടികൾക്കോ മറ്റ് കുടുംബാംഗങ്ങൾക്കോ രക്ഷിതാക്കളുടെ അക്കൗണ്ട് ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ഫീച്ചർ കൂടിയാണിത്. കുട്ടികൾ നടത്തുന്ന ഓരോ ഇടപാടും രക്ഷിതാവിന് സ്വന്തം ഫോണിലൂടെ നിയന്ത്രിക്കാം. പ്രതിമാസം എത്ര രൂപ വരെ ചെലവാക്കാം എന്നതിന് ഒരു പരിധി നിശ്ചയിക്കാൻ സാധിക്കും. ഈ ഫീച്ചറിലൂടെ ഒരു പ്രൈമറി യൂസർക്ക് തന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പരമാവധി അഞ്ച് സെക്കൻഡറി യൂസർമാരെ വരെ പണമിടപാടുകൾ നടത്താനായി ചേർക്കാൻ സാധിക്കും. ഇതിനായി കെവൈസി (KYC) നടപടികൾ ആവശ്യമാണ്.
ഗൂഗിൾ പേ പോക്കറ്റ് മണി സൗകര്യത്തിലൂടെ പണം കൈമാറുന്നതിനായി രണ്ട് രീതികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രൈമറി യൂസറുടെ അനുമതിയില്ലാതെ തന്നെ പ്രതിമാസം 15,000 രൂപ വരെ ചെലവാക്കാൻ സാധിക്കുന്ന ‘ഫുൾ ഡെലിഗേഷൻ’ (Full Delegation) രീതിയും, ഓരോ ഇടപാടിനും അക്കൗണ്ട് ഉടമയുടെ അനുമതി ആവശ്യമായ ‘പാർഷ്യൽ ഡെലിഗേഷൻ’ (Partial Delegation) രീതിയുമാണിത്. ഗൂഗിൾ പേ ആപ്പിലെ ‘Profile’ സെക്ഷനിൽ പോയി ‘UPI Circle’ എന്ന ഓപ്ഷൻ വഴി സെക്കൻഡറി യൂസർക്ക് Invite അയച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ഈ സേവനം സ്വയം സജ്ജമാക്കാവുന്നതാണ്.
അതുകൊണ്ടു തന്നെ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നപോലെ ഗൂഗിൾ പേയിലെ ‘പോക്കറ്റ് മണി’ ഐക്കണിൽ വെറുതെ തൊട്ടതുകൊണ്ട് മാത്രം പണം നഷ്ടമാകില്ല. ആദ്യമായി ഈ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ സെക്കൻഡറി യൂസറെ ചേർക്കാനുള്ള ഓപ്ഷനുകൾ മാത്രമാണ് കാണുക. അക്കൗണ്ട് ഉടമ നേരിട്ട് മറ്റൊരു വ്യക്തിയെ ഇതിനായി ചേർക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്താൽ മാത്രമേ ഇടപാടുകൾ നടക്കുകയുള്ളൂ.




