തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും മറ്റ് അധ്യാപകരും നിതിനെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജാതിയും സാമ്പത്തിക നിലയും പറഞ്ഞ് അധിക്ഷേപിച്ചതായും, അധ്യാപകരിൽ ഒരാളുടെ പേരിൽ നിതിൻ പരാതി നൽകിയതിനെ തുടർന്ന് വൈരാഗ്യം ഉണ്ടായതായും കുടുംബം പറയുന്നു. സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായും കുടുംബം ആരോപിച്ചു. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും അവർ വ്യക്തമാക്കി.
തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജനെ ഇന്നലെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു മരണം. മെറിറ്റ് സീറ്റിൽ ഈ വർഷം ഡെന്റൽ കോളേജിൽ പ്രവേശനം നേടിയ നിതിൻ, പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകനാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.




