ടെഹ്‌റാൻ: അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധത്തെ തുടർന്ന് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ട്. യുഎസും ഇറാനും തമ്മിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെ നിരവധി കപ്പലുകൾക്ക് യാത്ര പൂർത്തിയാക്കാനാകാതെ പിന്തിരിയേണ്ടി വന്നു.
ചൈനീസ് ഉടമസ്ഥതയിലുള്ള ‘റിച്ച് സ്റ്റാറി’ ടാങ്കർ ഉൾപ്പെടെ പല കപ്പലുകളും യുഎസ് നിയന്ത്രണങ്ങൾ കാരണം തിരിച്ചുപോയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിലെ കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞതായും യുഎസ് സേന കർശന പരിശോധനയും നിയന്ത്രണങ്ങളും തുടരുന്നതായും വിവരമുണ്ട്.
ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചത്. ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഉപരോധം നിലവിൽ വന്ന ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു കപ്പലിനും നിയന്ത്രണങ്ങൾ മറികടക്കാൻ കഴിഞ്ഞില്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിലയിരുത്തൽ.
ഒമാൻ ഉൾക്കടലിലെ ചബഹാർ തുറമുഖത്ത് നിന്ന് പുറപ്പെടാൻ ശ്രമിച്ച എണ്ണ ടാങ്കറുകളെയും യുഎസ് നാവികസേന തടഞ്ഞതായി റിപ്പോർട്ടുണ്ട്. ഇതോടെ മേഖലയിൽ യുദ്ധസമാന സാഹചര്യം രൂപപ്പെട്ടതായും ആഗോള എണ്ണ വിപണിയിൽ ആശങ്ക ശക്തമായതായും വിലയിരുത്തപ്പെടുന്നു. ഇറാനുമായുള്ള വ്യാപാരബന്ധങ്ങൾ കാരണം നേരത്തേ തന്നെ യുഎസ് ഉപരോധ പട്ടികയിൽ ഉൾപ്പെട്ട കപ്പലുകളും കമ്പനികളും കൂടുതൽ നിയന്ത്രണങ്ങൾ നേരിടുകയാണ്. നിലവിൽ ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതം ഏറെക്കുറെ നിലച്ച നിലയിലാണ്.




