കോഴിക്കോട്: പേരാമ്പ്രയിൽ യു.ഡി.എഫ് വിജയം ഉറപ്പാണെന്ന് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടത് വോട്ടർമാരുടെ പിന്തുണ ഉൾപ്പെടെ തനിക്കു ലഭിച്ചിട്ടുണ്ടെന്നും, കക്ഷി രാഷ്ട്രീയത്തിനും മതപരമായ ഭേദങ്ങൾക്കും അതീതമായ പിന്തുണയാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. പ്രചാരണത്തിനിടെ ഉയർന്ന വിവാദങ്ങൾ താൻ ഗൗരവമായി എടുത്തിട്ടില്ലെന്നും, ഭൂരിപക്ഷത്തെക്കുറിച്ച് ഇപ്പോൾ പറയാനില്ലെന്നും ഫാത്തിമ തഹ്‍ലിയ വ്യക്തമാക്കി.
പേരാമ്പ്രയിൽ അടിത്തട്ടിൽ വരെ എത്തി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും, പുറത്തുള്ള ചർച്ചകളെ പരിഗണിക്കാതെ തന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ശ്രദ്ധിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രദേശത്ത് മാറ്റം വേണമെന്നതാണ് ജനങ്ങളുടെ ആഗ്രഹമെന്നും, വോട്ടർമാരിൽ നിന്ന് വലിയ ആത്മവിശ്വാസമാണ് ലഭിച്ചതെന്നും ഫാത്തിമ തഹ്‍ലിയ പറഞ്ഞു. ഫലപ്രഖ്യാപനത്തിൽ ജനങ്ങളുടെ പിന്തുണ വ്യക്തമായിരിക്കുമെന്നും, ആളുകൾ തനിക്കു വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.




