ഇടുക്കി: ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇടുക്കിയിൽ അച്ഛൻ മകനെ അടിച്ചുകൊന്നു. മാങ്കുളത്തിന് സമീപം ആനക്കുളത്താണ് സംഭവം. തലയ്ക്ക് അടിയേറ്റ് ജസ്റ്റിൻ ജോയ് ആണ് മരിച്ചത്.
സംഭവത്തിന് ശേഷം വിഷം കഴിച്ച പിതാവ് ഉടുമ്പക്കൽ ജോയിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന്റെ ആക്രമണത്തിനിടെ ഇരുമ്പുവടി പിടിച്ചുവാങ്ങി ജോയ് തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ മുതൽ മദ്യപിച്ചിരുന്ന ജസ്റ്റിൻ വീട്ടുകാരുമായി വഴക്കിലായിരുന്നുവെന്ന് മൂന്നാർ പൊലീസ് അറിയിച്ചു. ഇതിനിടെ ജോയിയെ ആക്രമിക്കാൻ ജസ്റ്റിൻ എത്തിയെന്നും കയ്യിലുണ്ടായിരുന്ന ഇരുമ്പുവടി പിടിച്ചുവാങ്ങി ജോയ് തിരിച്ചടിച്ചെന്നുമാണ് പൊലീസ് പറയുന്നത്. തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ രക്തം വാർന്നാണ് മരിച്ചത്.
സംഭവം അറിഞ്ഞ് ജോയിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയ മാങ്കുളം ഔട്ട്‌പോസ്റ്റ് പൊലീസിനോട് വീര്യം കൂടിയ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ജോയ് പറഞ്ഞു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോയിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജസ്റ്റിൻ സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും വീട്ടിൽ വഴക്കുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേഹോപദ്രവം ഏൽപ്പിക്കുന്നതായി കാണിച്ച് മാതാപിതാക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജസ്റ്റിനെ വിളിപ്പിച്ചിരുന്നു. ജസ്റ്റിനെ വിമുക്തി കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകാൻ കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായതെന്നാണ് വിവരം.


