ദുബായ്: യുഎഇയും ചൈനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി വിവിധ മേഖലകളിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ശുദ്ധ ഊർജം, നിക്ഷേപം, സുസ്ഥിര കൃഷി, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ശാസ്ത്രം, പുരോഗമന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വികസിപ്പിക്കുകയാണ് ലക്ഷ്യം.
യുഎഇ സായുധസേന ഉപസർവാധിപതി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൈനീസ് പ്രധാനമന്ത്രി ലി ച്യാങുമായി ബെയ്ജിംഗിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കരാറുകൾ ഒപ്പുവച്ചത്. ഔദ്യോഗിക സ്വീകരണത്തിനിടെ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരുവരും ചൂണ്ടിക്കാട്ടി.
അറിവ് പങ്കിടൽ, സംയുക്ത ഗവേഷണ പദ്ധതികൾ എന്നിവയ്ക്കും പ്രത്യേക പ്രാധാന്യം നൽകുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, വ്യാപാര-നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാൻ ബിസിനസ് നേതാക്കളെയും നിക്ഷേപകരെയും ഒരുമിപ്പിക്കുന്ന യുഎഇ–ചൈന ബിസിനസ് പ്രോത്സാഹന ശ്രമങ്ങൾക്കും ഇരുവിഭാഗവും പിന്തുണ അറിയിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, 2025-ൽ ഇരുരാജ്യങ്ങളുടെയും എണ്ണേതര വ്യാപാരം ഏകദേശം 111 ബില്യൺ ഡോളറിലെത്തി. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും ചർച്ചയായപ്പോൾ, സ്ഥിരത ഉറപ്പാക്കാനും പൊതുവായ വെല്ലുവിളികളെ നേരിടാനും അന്താരാഷ്ട്ര സഹകരണവും സമാധാനപരമായ പരിഹാരങ്ങളും ആവശ്യമാണ് എന്ന നിലപാടും ഇരുവരും പങ്കുവെച്ചു.




