കുവൈത്ത് സിറ്റി: പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി കുവൈത്ത് താമസകാര്യ വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ എംബസികൾ നൽകുന്ന കാലാവധി ദീർഘിപ്പിക്കൽ രേഖകൾ ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് നിർദേശം.
പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് നടപടിക്രമങ്ങൾ ലളിതമാക്കിയതായി അധികൃതർ അറിയിച്ചു. എംബസികളുടെ സഹായത്തോടെ പാസ്‌പോർട്ട് കാലാവധി നീട്ടിയ പ്രവാസികളുടെ അപേക്ഷകൾ താമസകാര്യ വകുപ്പിന് കീഴിലെ എല്ലാ വിഭാഗങ്ങളും സ്വീകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
എന്നാൽ, കാലാവധി ദീർഘിപ്പിച്ചതിന്റെ രേഖ പാസ്‌പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, എംബസി നൽകുന്ന അനുബന്ധ കത്ത് കുവൈത്ത് വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയതായിരിക്കണമെന്നും നിർദേശം പറയുന്നു. സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും താമസകാര്യ വകുപ്പ് അധികൃതർ അറിയിച്ചു.




