വാഷിംഗ്ടൺ: ഇറാനെതിരെ കടുത്ത സമുദ്ര ഉപരോധ നടപടികൾ പ്രഖ്യാപിച്ച് അമേരിക്ക. ഇറാന്റെ തുറമുഖങ്ങൾ മാത്രം അല്ലാതെ ലോകത്തിന്റെ വിവിധ സമുദ്രമേഖലകളിൽ ഇറാനുമായി ബന്ധമുള്ള കപ്പലുകൾ തടയുകയും പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അമേരിക്ക അറിയിച്ചു. ആയുധങ്ങൾ, എണ്ണ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി ഇറാനിലേക്കും അവിടെനിന്നും പോകുന്ന എല്ലാ ചരക്കുകളും തടയുകയാണ് ലക്ഷ്യം.
യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ ആണ് ഈ വിവരം പുറത്തുവിട്ടത്. പസഫിക് ഉൾപ്പെടെയുള്ള മേഖലകളിൽ ഇറാന്റെ സ്വാധീനമുള്ള കപ്പലുകളെ ലക്ഷ്യമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് പുറത്തേക്ക് നീങ്ങിയ കപ്പലുകളെയും അമേരിക്ക നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്.
നേരിട്ടുള്ള സൈനിക ആക്രമണം പ്രതീക്ഷിച്ച ഫലം നൽകാതായതോടെ ഉപരോധത്തിലൂടെ ഇറാനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രത്തിലേക്ക് അമേരിക്ക മാറിയിരിക്കുകയാണ്. ഏകദേശം 10,000 അമേരിക്കൻ സൈനികരും 16 യുദ്ധക്കപ്പലുകളും ഇതിനായി വിന്യസിച്ചിട്ടുണ്ട്. ഉപരോധം ആരംഭിച്ച ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 14 കപ്പലുകൾ മുന്നറിയിപ്പിനെ തുടർന്ന് മടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ചില കപ്പലുകൾ റേഡിയോ സിഗ്നൽ പോലും ഓഫ് ചെയ്തതായി സൂചനയുണ്ട്.
ഇസ്രായേൽ, അമേരിക്ക, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിൽ നിലവിലുള്ള ഏഴ് ആഴ്ച നീളുന്ന യുദ്ധവിരാമ കരാർ അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ നീക്കം. വെടിനിർത്തൽ നീട്ടാനുള്ള ചർച്ചകൾ തുടരുന്നതിനിടെ ഇറാന്മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് ലക്ഷ്യം.
ഈ ദൗത്യത്തിനായി രാജ്യത്തിന്റെ മൊത്തം നാവികശേഷിയുടെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. അത്യാധുനിക ഉപഗ്രഹങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ഓരോ കപ്പലിന്റെയും സഞ്ചാരം നിരീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.




