ലഖ്നൗ: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ വിവാഹച്ചടങ്ങിനിടെ 11കാരന് നേരെ പാചകക്കാരന്റെ ക്രൂരത. രസഗുള എടുത്തു കഴിച്ചതിൽ പ്രകോപിതനായ പാചകക്കാരൻ കുട്ടിയെ കത്തുന്ന തന്തൂർ അടുപ്പിലേക്ക് തള്ളിയിട്ടതോടെ ഗുരുതരമായി പൊള്ളലേറ്റു.
മലൗളി ഗോസായി ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ചടങ്ങിൽ പങ്കെടുത്തിരുന്ന കുട്ടി പാത്രത്തിൽ നിന്നു കൂടുതൽ രസഗുളകൾ എടുത്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇതിൽ പ്രകോപിതനായ കാറ്ററിംഗ് ജീവനക്കാരൻ കുട്ടിയെ പിടിച്ചുയർത്തി തന്തൂരി അടുപ്പിന് സമീപത്തേക്ക് കൊണ്ടുപോയപ്പോൾ ഉണ്ടായ പിടിവലിക്കിടെ കുട്ടി കത്തുന്ന കനലുകളിലേക്ക് വീണതായി റിപ്പോർട്ടുകൾ പറയുന്നു.
ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ലഖ്നൗവിലെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി അപകടനില തരണം ചെയ്തതായി അറിയുന്നു.
സംഭവത്തിന് പിന്നാലെ പ്രതിയായ പാചകക്കാരൻ ഒളിവിൽ പോയി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.




