പൂനെ: ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അഭിഭാഷകന്റെ ഭാര്യ ഓഫീസിലെ വനിതാ ജീവനക്കാരിയെ കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പുണെയിലെ അഭിഭാഷകൻ സഞ്ജയ് സാവന്തിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന 35-കാരിയായ പൂനം ദിനേഷ് മുൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഞ്ജയിയുടെ ഭാര്യ സ്വാതി സാവന്ത് (42) പൊലീസ് കസ്റ്റഡിയിലായി.
കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാൻ സ്വാതി ശ്രമിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പൂനം വൈകിട്ടും വീട്ടിലെത്താതിരുന്നതിനാൽ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്. ഓഫീസിലെത്തിയ ഭർത്താവ് വാതിൽ തുറന്നുകിടക്കുന്നതും, അകത്ത് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കിടക്കുന്നതും കണ്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇരുമ്പുദണ്ഡിനോട് സാമ്യമുള്ള ആയുധം ഉപയോഗിച്ച് തലയിൽ അടിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നു. സഞ്ജയ് സാവന്ത് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നിയമവിഭാഗത്തിൽ ഉയർന്ന പദവി വഹിക്കുന്ന വ്യക്തിയാണെന്നും പോലീസ് അറിയിച്ചു.






