വീണ്ടും കേരളം ഭയന്നത് സംഭവിക്കുന്നു. കാലവർഷം കനക്കുന്നതിനൊപ്പം ഉയരുന്ന പകർച്ചാവ്യാധികൾക്ക് പുറമെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് കേരളത്തിന് മുന്നിൽ തോറ്റ് പിൻവാങ്ങിയതാണ് ഈ മഹാമാരി. അന്ന് ഇടതുപക്ഷമായിരുന്നു അധികാരത്തിൽ. ആരോഗ്യമേഖലയുടെ അമരത്ത് കെ കെ ശൈലജ ടീച്ചർ. വിപുലമായ പ്രതിരോധ സംവിധാനമൊരുക്കി നിപയെ കെട്ടുകെട്ടിച്ച നമ്മുടെ യജ്ഞത്തെ രാജ്യം വാഴത്തി. പിന്നീടും ചെറിയ രീതിയിൽ വന്നും പോയുമിരുന്നു.
രാഷ്ട്രീയത്തിനപ്പുറം സമൂഹം ഒന്നടങ്കം പ്രയത്നിക്കേണ്ട സമയത്ത് ശൈലജ ടീച്ചറുടെ കീഴിൽ മലയാളികളെല്ലാം ഒന്നിച്ചപ്പോഴും ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കാൻ ആളുണ്ടായിരുന്നു. അതിൽ ഒരാൾ ഇന്നത്തെ ആരോഗ്യമന്ത്രി കെ മുരളീധരനായിരുന്നു എന്നതാണ് ശ്രദ്ധേയം. ഒരുപക്ഷേ താൻ ഒരിക്കലും ഒരു മന്ത്രിയാകാൻ പോകുന്നില്ലെന്നും നിപയും കൊറോണയുമൊന്നും ഇനിയൊരിക്കലും വരില്ലെന്നുമെല്ലാം അദ്ദേഹം കരുതിയിരിക്കണം.
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചപ്പോൾ പലരും സമൂഹ മാധ്യമങ്ങളിൽ ഭയവും നടക്കവും രേഖപ്പെടുത്തുന്നത് കാണാം. ആ ഭയം വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്. പക്ഷേ കൃത്യമായ ഏകോപനത്തിലൂടെ ഇത്തവണയും നിപയെ തുരത്താൻ നമുക്കാവും. കാരണം അന്നും ഇന്നും നമ്മുടെ മെഡിക്കൽ സിസ്റ്റവും പൊതുബോധവും എന്തിനും റെഡിയാണ്. അതുമാത്രം പോരാ, ഈ സർക്കാരും ആരോഗ്യവകുപ്പും കൃത്യമായ ഇടപെടൽ നടത്തണമെന്ന് മാത്രം.
എന്നാൽ ഇപ്പോൾ മറ്റൊരു ചർച്ച കൂടി സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നുണ്ട്. കേരളത്തിൽ നിപ സ്ഥിരീകരിച്ചപ്പോൾ ഇന്നത്തെ ആരോഗ്യമന്ത്രി കെ മുരളീധരൻ നടത്തിയ ഒരു പ്രസംഗമാണ് വാർത്തകളിൽ നിറയുന്നത്. ‘എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും’! ഭരണത്തിലുള്ളവരെ പരിഹസിക്കാൻ നടത്തിയ ഏറ്റവും നീചമായ പരാമർശം. അതായത് ഭരിക്കുന്നവരുടെ പ്രശ്നംകൊണ്ടാണ് നിപ വന്നതെന്ന തരത്തിലുള്ള ഒരു പരാമർശം. ഈ പ്രസംഗം സോഷ്യൽ മീഡിയ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുകയാണ്.
‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേൾക്കാത്ത രോഗങ്ങളൊക്കെയാണ് വരുന്നത്. നിപ, വവ്വാൽ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാൽ ഉണ്ടായില്ലേ നമ്മുടെ നാട്ടിൽ. ഇപ്പോളെന്താണ് നിപ ഉണ്ടാവാൻ കാരണം? ഭരിക്കുന്നവൻ ശരിയല്ല, അതുകൊണ്ട് തന്നെയാണ്’- ഇതാണ് കെ മുരളീധരന്റെ പഴയ പ്രസംഗത്തിലെ വിവാദ പരാമർശം.
ഇപ്പോൾ വീണ്ടും നിപ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേരളത്തിൽ ഇപ്പോൾ ഭരണത്തിൽ ആരാണെന്ന് തത്കാലം കെ മുരളീധരനോട് ചോദിക്കുന്നില്ല. പക്ഷേ മിണ്ടാതിരിക്കാൻ സോഷ്യൽ മീഡിയയ്ക്ക് കഴിയില്ലല്ലോ. കെ മുരളീധരൻ അന്ന് പറഞ്ഞത് ഇപ്പോൾ സത്യമായെന്നും ഇക്കാര്യത്തിൽ 100 ശതമാനം കെ മുരളീധരൻ സാറിനൊപ്പമെന്നുമെല്ലാം പരിഹസിച്ച് ട്രോളുകളുടെ പെരുമഴയാണ്.
കെ മുരളീധരൻ പറഞ്ഞതിലെ തെറ്റും അനൗചിത്യവും ഓരോരുത്തർക്കും സ്വന്തം ബുദ്ധിയുപയോഗിച്ച് ചിന്തിക്കാം. ഒരു മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി ഒരു നാടും സർക്കാരും പോരാടുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു പരാമർശം നടത്തിയതെന്നോർക്കണം. ഇത് മനോനിലയുടെ കൂടി വിഷയമാണ്. ഈ മനോനിലയോടുകൂടിയാണ് ഇനി നിപക്കെതിരായ പ്രതിരോധം ആരോഗ്യമന്ത്രി നടത്തുന്നതെങ്കിൽ ഭയപ്പെടേണ്ടതുണ്ട്. നിപ പോരിൽ കേരളത്തെ മുന്നിൽ നിന്ന് നയിച്ച അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ നിപ റാണിയെന്നൊക്കെ വിളിച്ച് അവഹേളിച്ചവരും ഇക്കൂട്ടത്തിലുണ്ടാകും. ഭരിക്കുന്നത് ആരാണെന്ന് നോക്കിയല്ല നിപയും കൊറോണയും വരുന്നതെന്നാണ് കഴിഞ്ഞ ദിവസം ശൈലജ ടീച്ചർ ഇതിനോടെല്ലാം പ്രതികരിച്ചത്.
പക്ഷേ സംഭവം ഇപ്പോൾ കയ്യിൽ നിന്ന് പോയപ്പോൾ മുരളീധരനും അന്ന് പറഞ്ഞതിലെ പൊള്ളത്തരം മനസിലായിക്കാണണം. പിന്നാലെ വിശദീകരണവുമായി അദ്ദേഹം വന്നു. നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് ആരോഗ്യമന്ത്രിയാണെന്നും പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ലെന്നുമാണ് പുതിയ ജാമ്യം. ശരിയാണ്, പ്രതിപക്ഷത്തിരിക്കുമ്പോൾ വിളിച്ചുപറയുന്ന പോലെയല്ല യാഥാർത്ഥ്യം എന്ന് തിരിച്ചറിഞ്ഞ് കാണും.
എന്തായാലും അന്നത്തേയും ഇന്നത്തേയും ഭരണപക്ഷങ്ങളേയും പ്രതിപക്ഷങ്ങളേയും താരതമ്യം ചെയ്യുന്നത് തൽക്കാലം മാറ്റിവെക്കാം. ഇപ്പോൾ വീണ്ടും നിപ രോഗബാധയുടെ ഭീഷണി കേരളം ആശങ്കയോടെ വീണ്ടും അഭിമുഖീകരിക്കുമ്പോൾ ഈ സർക്കാരിനും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇന്നത്തെ പ്രതിപക്ഷം അതിനൊപ്പം നിൽക്കുകയാണ് വേണ്ടത്. ഒരിക്കൽ കൂടി കേരളത്തെ നോക്കി പല്ലിളിക്കുന്ന നിപയെ ഇത്തവണയും ഒന്നിച്ച് നിന്ന് നമ്മൾ കീഴടക്കും.




