കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നുന്നുണ്ടോ? പ്രത്യേകിച്ച് സാരി ഉടുക്കാന്‍ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ഞെട്ടല്‍ തോന്നാം. എന്നാല്‍ ഇത് സാരിയെ മാത്രം ബന്ധപ്പെടുത്തിയ രോഗമല്ല. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (എസ്സിസി) എന്ന മാരകമായ രോഗാവസ്ഥയെ പ്രാദേശികമായി പറയുന്നതാണ് സാരി കാന്‍സര്‍.
ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍, പ്രത്യേകിച്ച അരക്കെട്ടിന് താഴെ വീക്കമുണ്ടാവുകയും പിന്നീട് ഗുരുതരവുമാകുന്ന അവസ്ഥയാണിത്. സാരിയോ മുണ്ടോ മുറുക്കി ഉടുക്കുമ്പോഴും ജീന്‍സ് പതിവായി ധരിക്കുമ്പോഴുമെല്ലാം ഇതുണ്ടാകാം. പ്രധാന വില്ലന്‍ സാരിയല്ല, പലപ്പോഴും ഇറുക്കിയുടുക്കുന്ന അടിപാവാടയാണ്. ഇത് ചര്‍മത്തില്‍ ഉരഞ്ഞ് മുറിവുകളുണ്ടാക്കുകയാണ് ചെയ്യുന്നത്.
1945-ല്‍ ദോത്തി കാന്‍സര്‍ എന്ന വാക്കുണ്ടായിരുന്നു. 2011-ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലില്‍ ഇത് സംബന്ധിച്ച് പരാമശിച്ചിരുന്നു. ദീര്‍ഘനേരം സാരി പോലുള്ള വസ്ത്രം ഇറുക്കിയുടുക്കുമ്പോള്‍ വെയ്സ്റ്റ് ഡെര്‍മറ്റോസിസ് ആവുകയും പിന്നീടത് ഗുരുതരമാവുകയും ചെയ്യും. തുടര്‍ന്ന് അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യാം. അരക്കെട്ടിനെ ബാധിക്കുന്ന അര്‍ബുദത്തെയാണ് സാരി കാന്‍സര്‍ എന്ന് വിളിക്കുന്നത്.
ചര്‍മത്തിന് പുറമെയുള്ള സ്‌ക്വാമസ് കോശങ്ങളെയാണ് അര്‍ബുദം ബാധിക്കുക. ചര്‍മത്തിലെ ചുവന്ന പാടുകള്‍, വ്രണങ്ങള്‍, അരക്കെട്ടിന് സമീപമുണ്ടാകുന്ന മുഴകള്‍ എന്നിവയാണ് സാരി കാന്‍സറിന്റെ ലക്ഷണങ്ങള്‍. പാവാടയും പാന്റും ബെല്‍റ്റുമെല്ലാം സ്ഥിരമായി ഇറുക്കി ഉടുക്കാതിരിക്കുക എന്നതാണ് പോംവഴി.


