പാരിസ്: ഫ്രാൻസിലൂടെ ട്രാൻസിറ്റ് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് ഫ്രഞ്ച് സർക്കാർ പ്രഖ്യാപിച്ചു. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
പുതിയ നിബന്ധന പ്രകാരം, ഫ്രാൻസിലെ വിമാനത്താവളങ്ങളുടെ അന്താരാഷ്ട്ര ട്രാൻസിറ്റ് മേഖലയിലുടനീളം കണക്ഷൻ വിമാനങ്ങൾക്കായി കാത്തിരിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് പ്രത്യേക വിസ വേണ്ടിവരില്ല. യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇതിലൂടെ വലിയ ആശ്വാസമാകും.
ട്രാൻസിറ്റ് വിസയ്ക്കായി ചെലവാക്കേണ്ട സമയംയും പണവും ലാഭിക്കാനാകുന്നതോടൊപ്പം, അവസാന നിമിഷം വിമാനമാറ്റങ്ങളിലെ ബുദ്ധിമുട്ടുകളും ഒഴിവാക്കാം. ഇതോടെ പാരിസ് ഉൾപ്പെടെയുള്ള ഫ്രഞ്ച് വിമാനത്താവളങ്ങളിലൂടെ കൂടുതൽ ഇന്ത്യൻ യാത്രക്കാരെ ആകർഷിക്കാനാകുമെന്ന പ്രതീക്ഷയും ഉയരുന്നു.
എന്നാൽ, ഈ ഇളവ് വിമാനത്താവളത്തിനുള്ളിലെ അന്താരാഷ്ട്ര ട്രാൻസിറ്റ് മേഖലയിലേക്കു മാത്രമാണ് ബാധകമാകുന്നത്. വിമാനത്താവളത്തിന് പുറത്തേക്ക് പോകുകയോ നഗരം സന്ദർശിക്കുകയോ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പതിവുപോലെ ഷെങ്കൻ വിസ ആവശ്യമായിരിക്കും.




