ഗാൾ: ശ്രീലങ്കയ്ക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറികള്‍ നേടി കെഎല്‍ രാഹുലും ദേവ്ദത്ത് പടിക്കലും. ഉച്ചഭക്ഷണത്തിനു ശേഷം മഴ മാറി കളി പുനരാരംഭിച്ചതിനു പിന്നാലെയാണ് ഇരുവരും അർധ സെഞ്ച്വറി പിന്നിട്ടത്. ബാറ്റിങ് തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ്. പടിക്കലും നായകൻ ഗില്ലുമാണ് ക്രീസിൽ. പേശീവലിവ് മൂലം രാഹുൽ റിട്ടയേഡ് ഹർട്ടായി.
127 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്താണ് രാഹുല്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. അമിതാവേശം കാണിക്കാതെ ശ്രദ്ധയോടെയാണ് താരം ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്. ടെസ്റ്റ് കരിയറില്‍ രാഹുല്‍ നേടുന്ന 13ാം അര്‍ധ സെഞ്ച്വറിയാണിത്. യശസ്വി ജയ്സ്വാൾ റണ്ണൗട്ടായി. മത്സരത്തിനിടെ അല്‍പ്പ സമയം വില്ലനായി മഴയെത്തി. ഉച്ച ഭക്ഷണത്തിനു പിരിഞ്ഞതിനു പിന്നാലെയാണ് മഴ പെയ്തത്. ഇതോടെ കളി നിര്‍ത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഉച്ച ഭക്ഷണത്തിനു പിരിഞ്ഞത്.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജ്യം 80ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദിവസത്തില്‍ ഇന്ത്യ ചരിത്ര പോരാട്ടത്തിന് കൂടിയാണ് ഇറങ്ങിയത്. ഇന്ത്യയുടെ 600ാം ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകള്‍ക്കു ശേഷം 600 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി.




