ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വനത്തിനുള്ളിൽ വേട്ടയ്ക്കെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക വിശദീകരണം.
എന്നാൽ കൊല്ലപ്പെട്ടവർ വേട്ടയ്ക്കെത്തിയവരാണെന്ന വനംവകുപ്പിന്റെ വാദം നാട്ടുകാർ തള്ളി. വെടിവയ്പ്പ് സംബന്ധിച്ച വിവരം പുറത്തുവന്നതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയും ഓഫീസ് കെട്ടിടത്തിനും ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്തു.
സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വെടിവയ്പ്പിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.



