കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി ആർ. എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പ്രഖ്യാപിക്കും.
കോളേജ് ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. എം. കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. കെ. ടി. സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.
നിതിൻരാജ് നിരന്തരമായ മാനസിക പീഡനത്തിനും അധിക്ഷേപത്തിനും ഇരയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാർച്ച് 13 മുതൽ പ്രതികൾ വിവിധ രീതിയിൽ വിദ്യാർത്ഥിയെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ആരോപിക്കുന്നു. സംഭവദിവസം പകൽ 12.30 മുതൽ 2 വരെ സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്പദമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
സ്റ്റാഫ് റൂമിലെയും പ്രിൻസിപ്പലിന്റെ മുറിയിലെയും സിസിടിവി ദൃശ്യങ്ങളും, നിതിൻരാജ് സഹോദരിക്ക് അയച്ച ഓഡിയോ സന്ദേശങ്ങളും വാട്സാപ്പ് സന്ദേശങ്ങളും തെളിവുകളായി ഹാജരാക്കിയിട്ടുണ്ട്. നിതിൻരാജിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒന്നാം പ്രതി നടത്തിയതായി പറയുന്ന പരാമർശങ്ങളും പ്രോസിക്യൂഷൻ ഉന്നയിച്ചു.
പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥിയെ “തെരുവുപട്ടി” എന്ന് വിളിച്ച് തുടർച്ചയായി അപമാനിച്ചതായി ആരോപണമുണ്ട്. സംഭവത്തിൽ പ്രിൻസിപ്പലിനെയും ഉൾപ്പെടുത്തി അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അതേസമയം, രണ്ടാം പ്രതി സംഭവദിവസം കോളേജിൽ ഉണ്ടായിരുന്നില്ലെന്നും മംഗളൂരുവിലേക്ക് യാത്ര പോയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.




