കോഴിക്കോട്: ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് ദാഹം മാറ്റാൻ പലർക്കും കുപ്പിവെള്ളവും ശീതളപാനീയങ്ങളും അനിവാര്യമായി തോന്നും. എന്നാൽ ഇത്തരം പാനീയങ്ങൾ ദീർഘനേരം വെയിലേറ്റ നിലയിൽ സൂക്ഷിക്കപ്പെടുകയോ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന രീതിയിൽ കടകളിലേക്ക് കൊണ്ടുപോകുകയോ ചെയ്താൽ അവയുടെ ഗുണനിലവാരത്തിൽ മാറ്റം സംഭവിക്കാം. ഇത് പിന്നീട് ആരോഗ്യപ്രശ്നങ്ങളിലേക്കും വഴിവെക്കാനുള്ള സാധ്യതയുണ്ട്.
കടകളിൽ നിന്ന് ലഭിക്കുന്ന കുപ്പിവെള്ളവും മറ്റ് ശീതളപാനീയങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുൻപ് വെയിലേറ്റ സാഹചര്യങ്ങളിൽ സൂക്ഷിക്കപ്പെടുന്നത് അവയുടെ സുരക്ഷയെ ബാധിക്കാം. അടച്ച വാഹനങ്ങൾ ഉപയോഗിക്കാതെ തുറന്ന രീതിയിൽ വിതരണം ചെയ്യുന്നതും ഗുണനിലവാര നഷ്ടത്തിന് കാരണമാകുന്നു.
കുപ്പികളുടെ മേൽഭാഗത്ത് തന്നെ “നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്” എന്ന മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ദീർഘനേരം ചൂട് നേരിടുമ്പോൾ പാനീയങ്ങളിലെ പ്രിസർവേറ്റീവുകളുടെ ഫലപ്രാപ്തി കുറയുകയും രാസമാറ്റങ്ങൾ സംഭവിക്കുകയും ചെയ്യാം. ഇതോടെ രുചി, നിറം, പോഷകഗുണം എന്നിവയിൽ വ്യതിയാനം ഉണ്ടാകാൻ സാധ്യതയുണ്ട്.
പോളിയെഥിലീൻ ടെറഫ്താലേറ്റ് (PET), ബിസ്ഫെനോൾ എ (BPA) തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ചാണ് പല പ്ലാസ്റ്റിക് കുപ്പികളും നിർമ്മിക്കുന്നത്. ഉയർന്ന ചൂടിൽ ഈ കുപ്പികളിൽ നിന്ന് ആന്റിമണി, BPA പോലുള്ള രാസഘടകങ്ങൾ വെള്ളത്തിലേക്ക് ലയിക്കാനുള്ള സാധ്യത ഉണ്ടാകും. ഇതാണ് നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്ന പ്രധാന കാരണം.
ദീർഘനേരം വെയിലേറ്റ ശേഷം കുപ്പി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചാലും സംഭവിച്ച രാസമാറ്റങ്ങൾ പൂർണമായി ഇല്ലാതാകണമെന്നില്ല.
എം.എൻ. ഷംസിയ
ഭക്ഷ്യസുരക്ഷാ ഓഫീസർ




