മുംബൈ: മഹാരാഷ്ട്രയിലെ കല്ല്യാണിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് ഗർഭിണിയായ യുവതിയെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കിരയാക്കിയതായി പരാതി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉല്ലാസ്നഗർ സ്വദേശിനിയായ അഫ്സാന അൻസാരി (23)യാണ് പീഡനത്തിനിരയായത്. ഭർത്താവ് സമീർ അൻസാരിയും കുടുംബാംഗങ്ങളും ചേർന്ന് വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി.
ഗർഭകാലത്തും ആവശ്യത്തിന് ഭക്ഷണം നൽകാതിരിക്കുകയും, ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി യുവതി മൊഴി നൽകി. കൈകളിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായും പരാതിയിൽ പറയുന്നു. ജൂൺ 7-ന് തലയിൽ പേൻ ഉണ്ടെന്ന വ്യാജേന ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് യുവതിയുടെ തല നിർബന്ധപൂർവ്വം മൊട്ടയടിച്ചതായും ആരോപണമുണ്ട്.
മൊട്ടയടിച്ചതിന് ശേഷം യുവതിയെ ഒരു ആഴ്ചയോളം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട് രക്ഷപ്പെട്ട യുവതി സഹോദരിയുടെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഭർത്താവ് സമീർ അൻസാരി, അമ്മായിയമ്മ, നാത്തൂൻ ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്സാന അൻസാരിയും സമീർ അൻസാരിയും തമ്മിൽ കഴിഞ്ഞ വർഷം ആയിരുന്നു വിവാഹിതരായത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ കുടുംബം മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു.




