ചെന്നൈ: വിവാഹമോചനക്കേസുകൾ വർധിക്കുന്നതിന് മൊബൈൽ ഫോൺ ഉപയോഗവും ഒരു പ്രധാന കാരണമാണെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജി.ആർ. സ്വാമിനാഥൻ അഭിപ്രായപ്പെട്ടു. മദ്രാസ് ഐ.ഐ.ടി.യിൽ നടന്ന പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് വ്യക്തിബന്ധങ്ങളിൽ അകൽച്ചയും ആശയവിനിമയക്കുറവും ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷകനായും ജഡ്ജിയായും പ്രവർത്തിച്ച വർഷങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, വിവാഹമോചനക്കേസുകൾ വർധിക്കുന്നതിൽ മൊബൈൽ ഫോണുകൾക്ക് വലിയ പങ്കുണ്ടെന്ന് പറയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ ദമ്പതികൾ തമ്മിൽ തുറന്ന ആശയവിനിമയവും പരസ്പര വിശ്വാസവും സുതാര്യതയും നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും ജി.ആർ. സ്വാമിനാഥൻ കൂട്ടിച്ചേർത്തു.




