കൊച്ചി: എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനൽ നിർമ്മിക്കുന്നതിനുള്ള വിശദപദ്ധതി രേഖ (ഡി.പി.ആർ.) റെയിൽവേ സമർപ്പിച്ചു. പൊന്നുരുന്നിയിലെ മാർഷലിങ് യാർഡിൽ 267 കോടി രൂപ ചെലവിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ഡി.പി.ആർ. തിരുവനന്തപുരം ഡിവിഷന് കൈമാറിയിട്ടുണ്ട്. ഉടൻ തന്നെ ഇത് റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്കായി അയക്കും. അനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം ടെർമിനൽ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.
പുതിയ പദ്ധതിപ്രകാരം ടെർമിനലിൽ ആറ് പ്ലാറ്റ്ഫോമുകളാണ് നിർമിക്കുക. നേരത്തെ നാല് പ്ലാറ്റ്ഫോമുകളായിരുന്നു നിർദേശിച്ചിരുന്നത്. കൂടാതെ, ട്രെയിനുകൾ പാർക്ക് ചെയ്യുന്നതിനായി മൂന്ന് സ്റ്റേബിളിങ് ലൈനുകളും ബോഗികളുടെ പരിശോധനയ്ക്കും ശുചീകരണത്തിനുമായി മൂന്ന് പിറ്റ് ലൈനുകളും ഉണ്ടാകും. ഇതിൽ രണ്ട് പിറ്റ് ലൈനുകൾ വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് ഒരുക്കുന്നത്.
കൊച്ചിയിലെ റെയിൽവേ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിൽ പുതിയ ടെർമിനൽ നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ ആറ് പ്ലാറ്റ്ഫോമുകളും നോർത്ത് സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകളും മാത്രമാണുള്ളത്.
പൊന്നുരുന്നി മേഖലയിലെ റെയിൽവേയുടെ 110 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ കോച്ചുകളുടെ അറ്റകുറ്റപ്പണികളും ചരക്കുവണ്ടികളുടെ പരിശോധനയുമാണ് ഇവിടെ നടക്കുന്നത്. ഭാവിയിൽ 15 പ്ലാറ്റ്ഫോമുകൾ വരെ വികസിപ്പിക്കാനുള്ള സൗകര്യവും ഈ സ്ഥലത്തിനുണ്ട്.
എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനും കൂടുതൽ പുതിയ ട്രെയിനുകൾ അനുവദിക്കാനും ഈ ടെർമിനൽ സഹായകമാകും. കൂടാതെ, മെട്രോ, വാട്ടർ മെട്രോ, വൈറ്റില മൊബിലിറ്റി ഹബ് എന്നിവയുമായി ബന്ധിപ്പിക്കുന്നതിലൂടെ പ്രദേശം പ്രധാന ഗതാഗത കേന്ദ്രമായി മാറുമെന്നും പ്രതീക്ഷിക്കുന്നു.




