കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ വ്യാജ ലിപ്സ്റ്റിക്കുകളും ലിപ് ബാമുകളും പിടികൂടി. ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസാണ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
നിർമ്മാതാക്കളുടെ പേരോ ആവശ്യമായ മറ്റ് വിവരങ്ങളോ ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരുന്നില്ല. നിയമപ്രകാരമുള്ള ലേബലിംഗ് വിവരങ്ങളും ഉണ്ടായിരുന്നില്ല. വ്യാജമായി നിർമ്മിച്ച ഉൽപ്പന്നങ്ങളാണിതെന്നാണ് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വ്യക്തമാക്കുന്നത്.
ഏകദേശം 65,000 രൂപ വിലവരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള മനോഹരമായ പാക്കറ്റുകളിലാണ് ഇവ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.




