പശ്ചിമ ബംഗാൾ: ബിസ്ലേരിക്കെതിരെ വീണ്ടും നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). പശ്ചിമ ബംഗാളിലെ ബിസ്ലേരി പ്ലാന്റിൽനിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. PB 201 എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളത്തിലാണ് ബാക്ടീരിയ കണ്ടെത്തിയത്. 2027 ജനുവരി 19 വരെയാണ് ഈ ഉൽപ്പന്നത്തിന്റെ ഉപയോഗ കാലാവധി. പ്രാഥമിക ലാബിലും റഫറൽ ലാബിലും നടത്തിയ പരിശോധനകളിൽ മലിനീകരണം സ്ഥിരീകരിച്ചു. ഇതോടെ ഒരാഴ്ചയ്ക്കിടെ ബിസ്ലേരിക്കെതിരെ രണ്ടാമത്തെ നടപടിയാണിത്.
2026 ജൂലൈ 20-ന് ജൽപായ്ഗുരി ജില്ലയിലെ തേലിപാറ ഗ്രാമത്തിലുള്ള ബിസ്ലേരി പ്ലാന്റിൽനിന്നാണ് സാമ്പിൾ ശേഖരിച്ചത്. പരിശോധനാ ഫലം പുറത്തുവന്നതിനെ തുടർന്ന് ഓഗസ്റ്റ് 12-ന് ഈ ബാച്ചിന്റെ വിൽപ്പന FSSAI നിരോധിച്ചു. ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷൻ നടപടികൾക്കും അനുമതി നൽകി.
നവംബർ 22-നും ബിസ്ലേരിക്കെതിരെ FSSAI സമാനമായ നടപടി സ്വീകരിച്ചിരുന്നു. 2025 സെപ്റ്റംബറിൽ ഗോവയിലെ പ്ലാന്റിൽ നിർമിച്ച ഒരു ബാച്ചിൽ അനുവദനീയമായ അളവിലും കൂടുതൽ ബ്രോമേറ്റും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും ലാബ് പരിശോധനാ ഫലങ്ങളിൽ വ്യത്യാസങ്ങളുണ്ടെന്നുമാണ് ബിസ്ലേരിയുടെ വിശദീകരണം.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ കുപ്പിവെള്ള നിർമാണ കമ്പനികളിലെ പരിശോധന ശക്തമാക്കാൻ FSSAI സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, മറിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് FSSAI സി.ഇ.ഒ രജിത് പുൻഹാനി വ്യക്തമാക്കി.


