ന്യൂഡൽഹി: സംസ്ഥാനത്തെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ 500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. നിലവിൽ ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതിയുടെ വിഹിതം 2027 മെയ് വരെ നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടു.
ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കാൻ 360 കോടി രൂപയുടെ സാമ്പത്തിക സഹായവും സംസ്ഥാനം തേടിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ 33,115 അങ്കണവാടികളെ ഊർജക്ഷമമാക്കുന്നതിനുള്ള ‘അങ്കൺ ജ്യോതി’ പദ്ധതിക്കായി 1,024 കോടി രൂപയും ആവശ്യപ്പെട്ടു.
കെഎസ്ഇബിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ വ്യവസ്ഥ പിൻവലിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി സണ്ണി ജോസഫാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ചത്.


