ന്യൂഡൽഹി: മധുരൈയിലെ തിരുപ്പരങ്കുണ്ട്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ചർച്ചയാകുന്നതിനിടെ മുരുകനെ സ്തുതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീംകോടതി ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് തമിഴ് ഭക്തിഗാനമായ ‘വെട്രിവേൽ മുരുകനുക്ക് അരോകരാ’ എന്ന മുദ്രാവാക്യം മൂന്ന് തവണ ആവർത്തിച്ച് മോദി സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് പങ്കുവെച്ചത്.
മുദ്രാവാക്യത്തിന്റെ ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി ഉത്തരവിനെക്കുറിച്ചോ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെക്കുറിച്ചോ പ്രധാനമന്ത്രി നേരിട്ട് പ്രതികരിച്ചിട്ടില്ല.
അതേസമയം, ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാത്തതുമായി ബന്ധപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടക്കം 13 പേർക്കെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നവംബർ 20ലെ ഉത്തരവ് മനഃപൂർവം ലംഘിച്ചെന്നാണ് കോടതിയുടെ നിരീക്ഷണം. ഉദ്യോഗസ്ഥർ രാഷ്ട്രീയ നിർദേശപ്രകാരമാണോ പ്രവർത്തിച്ചതെന്ന് പരിശോധിക്കുന്നതിനായി ഫോൺ രേഖകളും ഔദ്യോഗിക ആശയവിനിമയ വിവരങ്ങളും ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
അരുള്മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോർഡ് സസ്പെൻഡ് ചെയ്ത കോടതി, ക്ഷേത്രത്തിന്റെ ഭരണച്ചുമതല രണ്ട് ഹൈക്കോടതി ജഡ്ജിമാർക്ക് കൈമാറുകയും ചെയ്തു.
തിരുപ്പരങ്കുണ്ട്രം മലയിൽ എവിടെയാണ് കാർത്തിക ദീപം തെളിയിക്കേണ്ടത് എന്നതിനെച്ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള താഴ്ഭാഗത്തെ ദീപമണ്ഡപത്തിലാണ് വർഷങ്ങളായി ആചാരം നടക്കുന്നതെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. എന്നാൽ മലമുകളിലുള്ള ദീപത്തൂണിൽ ദീപം തെളിയിക്കണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. ദർഗയ്ക്ക് സമീപത്തായാണ് ഈ ശിലാസ്തംഭം സ്ഥിതി ചെയ്യുന്നത്.
നവംബർ 24ന് ക്ഷേത്രഭരണസമിതി അംഗീകരിച്ച സംഘത്തിന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ അന്ന് പതിവ് ദീപമണ്ഡപത്തിൽ മാത്രമാണ് ദീപം തെളിയിച്ചത്. ഇതോടെയാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് കോടതി കടന്നത്. തുടർന്ന് ദീപത്തൂണിൽ തന്നെ കാർത്തിക ദീപം തെളിയിക്കണമെന്ന് സുപ്രീംകോടതി പുതിയ ഉത്തരവും പുറപ്പെടുവിക്കുകയായിരുന്നു.


